കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരോട് ക്ഷേത്ര ജീവനക്കാർ തികഞ്ഞ മാന്യതയോടെയും സഹിഷ്ണുതയോടെയും പെരുമാറണമെന്ന് കേരള ഹൈക്കോടതി കർശന നിർദ്ദേശം നൽകി. ജീവനക്കാരിൽ നിന്ന് ഭക്തർക്ക്മോശം പെരുമാറ്റവും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നുവെന്ന ഗുരുതരമായ പരാതികൾ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
ഭക്തരെ ജീവനക്കാർ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതികളിൽ സ്വമേധയാ എടുത്തരണ്ട് കേസുകൾ തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.ദർശനത്തിനെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും ആദരവോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി.
ഏത് തലത്തിലുള്ള ജീവനക്കാരായാലുംതികഞ്ഞ സംയമനം പാലിക്കണം. എന്ത് പ്രകോപനമുണ്ടായാലും ഭക്തരുമായി തർക്കത്തിലേർപ്പെടാനോ മോശമായി പെരുമാറാനോ പാടില്ല. ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തനെയും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മര്യാദയോടെയും ബഹുമാനത്തോടെയും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
ഗുരുവായൂർ പോലുള്ള മഹാക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭഗവാന്റെ മുന്നിൽ പരമാവധി സമയം ചെലവഴിക്കാനാണ് ഓരോ ഭക്തനുംആഗ്രഹിക്കുന്നത്. അതേസമയം, നൂറുകണക്കിന് ഭക്തർ ദർശനത്തിനായി പുറത്ത് കാത്തുനിൽക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ ഇരുവിഭാഗത്തിന്റെയും താൽപര്യങ്ങൾക്കും സൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് വേണ്ടത്. എന്നാൽ, തിരക്കിന്റെ പേരിലോ മറ്റേതെങ്കിലും സാഹചര്യത്തിലോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് സൂചിപ്പിച്ചു.
കോടതിയുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും കർശനമായി നടപ്പിലാക്കുമെന്നും ദേവസ്വം അഭിഭാഷകൻ ഉറപ്പ് നൽകിയതോടെ ഹൈക്കോടതി ഹർജികൾ തീർപ്പാക്കി.





