നവംബർ 4-ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഫോട്ടോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഗ്രൂപ്പിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ തർക്കവും അസഭ്യം പറയലും ഉണ്ടായിരുന്നു.ഇതിന്റെ തുടർച്ചയായി, മൂന്ന് പ്ലസ് വൺ വിദ്യാർഥികളെ അഞ്ച് പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ക്ലാസിൽ നിന്ന് വിളിച്ചിറക്കി സ്കൂൾ ഓഡിറ്റോറിയത്തിന്റെ പിന്നിലെത്തിച്ചു.
ഇതിൽ ഒരു വിദ്യാർഥിയെ ശുചിമുറിയിൽ പൂട്ടിയിടുകയും മറ്റൊരു വിദ്യാർഥിയെ പിടിച്ചുവയ്ക്കുകയും ചെയ്ത ശേഷം, മൂന്നാമത്തെ വിദ്യാർഥിയെ ഇടിവള ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ഇടിക്കുകയും പുറത്ത് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.മർദനത്തിൽ നെറ്റി ചതയുകയും ചുണ്ട് മുറിയുകയും ചെയ്ത പ്ലസ് വൺ വിദ്യാർഥി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, സ്കൂളിൽ ചേർന്ന പിടിഎ യോഗം പ്രതികളായ അഞ്ച് പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.





