റാന്നി : പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. റാന്നി തോട്ടമൺ സ്വദേശി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് സ്വന്തം വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു.നായയുടെ കടിയേറ്റ സമയത്ത് ഏലിക്കുട്ടി പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല.
തുടർന്ന് മുറിവ് പഴുക്കുകയും അണുബാധയുണ്ടാകുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. വളർത്തുനായയെ തെരുവുനായ ആക്രമിച്ചിരുന്നതായും സൂചനയുണ്ട്.
നായയുടെ കടിയേറ്റാൽ മുറിവ് ചെറുതാണെന്നു കരുതി അവഗണിക്കരുതെന്നും ഉടൻതന്നെ ആരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. മുറിവ് സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് കഴുകുകയും ഡോക്ടറുടെ നിർദേശപ്രകാരം പേവിഷബാധയ്ക്കെതിരായ വാക്സിനും ആവശ്യമായ മറ്റു ചികിത്സകളും സ്വീകരിക്കുകയും വേണം.





