കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് ഇന്ന് ആറാട്ടോടെ കൊടിയിറങ്ങി. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമായത്. 10,008 നാളികേര മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയായിരുന്നു വിനായക ചതുര്‍ഥി ദിനത്തിലെ പ്രധാന ചടങ്ങുകൾ.
പുലർച്ചെ നാലുമുതൽ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തർക്ക് സുഗമദർശനത്തിനായി ബാരിക്കേഡുകൾ സ്ഥാപിച്ചും ക്ഷേത്ര ജീവനക്കാരെയും പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഹോമകുണ്ഠത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം രാവിലെ 11 മണിയോടെ പൂർത്തിയായി.
സർവാഭീഷ്ടസിദ്ധിക്കും വിഘ്‌നനിവാരണത്തിനുമായി എട്ടു ദ്രവ്യങ്ങൾ അഗ്നിയിൽ അർപ്പിച്ചായിരുന്നു ഹോമം. ഗജമുഖനായ ഗണപതിയുടെ ജന്മദിനത്തിൽ ഗജത്തെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ച് ഗജപൂജയും തുടർന്ന് ആനയൂട്ടും നടത്തി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഗജപൂജ. പാമ്പാടി രാജൻ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഉൾപ്പെടെ കേരളത്തിലെ 13 ഗജവീരന്മാർ പങ്കെടുത്തു.
മള്ളിയൂരപ്പന്റെ പിറന്നാൾ ദിനത്തിൽ ഒരുക്കിയ വിപുലമായ സദ്യയിൽ 20,000 ഭക്തർ പങ്കെടുത്തു. വൈക്കം കണ്ണൻ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സദ്യ ഒരുക്കിയത്. ആറാട്ടുദിനമായ ഇന്ന് ആറാട്ടുസദ്യയും നടന്നു. വൈകീട്ട് 4.30ന് ആറാട്ട് പുറപ്പാടും, തുടർന്ന് മള്ളിയൂർ ഇല്ലത്ത് ഇറക്കിപ്പൂജയും നടത്തി. ഇതോടെ എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് സമാപനമായി.





