പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും രൂക്ഷമായ അമർഷവും പുകയുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ കടുത്ത അതൃപ്തിയെ തുടർന്ന് കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടീം ടൈറ്റസ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
മുൻ മന്ത്രി എ.കെ. ബാലൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചിട്ടുള്ളയാളാണ് രാജി വെച്ച ടീം ടൈറ്റസ്. പാർട്ടിയെ വളർത്താൻ ഏരിയ കമ്മിറ്റി നേതൃത്വം തയ്യാറാകുന്നില്ലെന്നും, ജില്ലാ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പിലെ അപക്വമായ തീരുമാനങ്ങളുമാണ് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നും ആരോപിച്ചാണ് രാജി. രാജി വിവരം അദ്ദേഹം ഏരിയ കമ്മിറ്റി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ടയിലെ വിവിധ ഏരിയ കമ്മിറ്റികളിലും കടുത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. വിഭാഗീയത ശക്തമായതിനെ തുടർന്ന് ചില ഏരിയ കമ്മിറ്റി യോഗങ്ങൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ചുരുക്കം ചില പ്രവർത്തകർ മാത്രമാണ് എത്തിയത്.
അനർഹരായ വ്യക്തികളെ ജില്ലാ നേതൃത്വത്തിൽ തിരികെ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതികളുടെ പ്രളയമാണ് ലഭിക്കുന്നത്. ഇതിനുപുറമെ, ബിജെപി വിട്ടെത്തിയ ഒരാളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് പന്തളം ഏരിയ കമ്മിറ്റിയിലും പരസ്യ പ്രതിഷേധങ്ങൾ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ പാർട്ടിയിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ ചേരിപ്പോര് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാ





