അടൂർ: പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ അനയടി തോട്ടുവ രതീഷ് ഭവനത്തിൽ സൂരജ് സുനിൽ (22) ആണ് പിടിയിലായത്. അടൂർ പള്ളിക്കൽ മേക്കുന്നുമുകൾ ഭാഗത്തായിരുന്നു സംഭവം.
മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് കൈവശം സൂക്ഷിച്ചിരുന്ന 0.501 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാൾ ധരിച്ചിരുന്ന കൈലിയുടെ മടിക്കുത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലും ഇയാൾ പ്രതിയാണ്. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു മുരളി, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുപ്രസാദ്, ഗോപൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.





