ശബരിമല: തീർത്ഥാടനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്കും കുഞ്ഞു മാളികപ്പുറങ്ങൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായി ആരോഗ്യവകുപ്പ് പമ്പയിൽ സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തിന്റെ ഉദ്ഘാടനം ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കര നിർവഹിച്ചു.
ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് പോളിയോ പ്രതിരോധം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പമ്പയിൽ പ്രത്യേക പൾസ് പോളിയോ ബൂത്ത് സജ്ജീകരിച്ചത്. “സ്വാസ്ഥ്യം ശരണം” ആരോഗ്യത്തോടെ ശരണയാത്ര’ എന്ന പേരിലാണ് ശബരിമലയിൽ ആരോഗ്യവകുപ്പ് ഇക്കുറി ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ചടങ്ങിൽ പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ നിയാസ്, അഡീഷണൽ സ്പെഷ്യൽ ഓഫീസർ ഡോ. നന്ദഗോപൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മനു സത്യൻ, ജില്ലാ ശബരിമല നോഡൽ ഓഫീസർ (ആരോഗ്യം) കെ. കെ ശ്യാംകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ.സജിൻ, ഡോ. ജിജോ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
ശബരിമല തീർത്ഥാടനത്തിനെത്തിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുളള 100 കുട്ടികൾക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി





