അയിരൂർ : ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ ആട്ടവിളക്ക് തെളിഞ്ഞു, ഇനി കഥകളി മേളയുടെ ഏഴ് രാപ്പകലുകൾ
ഡോ. ജോർജ് ഓണക്കൂർ 18-ാമത് ജില്ലാ കഥകളി മേള ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത കലാ അനുഭവമാണ് അയിരൂർ കഥകളിമേളയിൽ നിന്ന് ലഭിക്കുന്നതെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. പരിപൂർണ്ണമായ കലയാണ് കഥകളി. ഏറെ പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് കഥകളി അരങ്ങിലെത്തിക്കുന്നത്.
കഥകളി എന്താണെന്നറിയാനുള്ള ഉത്തരവാദിത്വം കേരളീയ സമുഹത്തിനുണ്ട്. മഹത്തായ കലാരൂപങ്ങൾ ആസ്വദിക്കുന്നതിന് മാനസികമായ ഒരു പഠനവും തയ്യാറെടുപ്പും ആവശ്യമാണ്. അതിനാൽ തന്നെ ഇത്തരം കലാരൂപങ്ങൾ ആസ്വദിക്കാൻ ചെറിയ ആൾക്കൂട്ടമേ ഉണ്ടാകു എത്തും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിൽ ഷർട്ട് ധരിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന വിവാദം അനാവശ്യമാണ്. അയ്യപ്പൻ്റെ മുന്നിലെത്തുന്ന ഭക്തർ ഉടുപ്പ് ധരിച്ചാണോ ധരിക്കാതെയാണോ പോകേണ്ടതെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കഥകളി ക്ലബ്ല് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ മുഖ്യ പ്രഭാഷണം നടത്തി. അയിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി പ്രഭാകരൻ നായർ , വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ പി എസ് പ്രിയദർശൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രശസ്ത കഥകളി നടൻ സദനം ഭാസിക്ക് നാട്യ ഭാരതി അവാർഡ് സമർപ്പിച്ചു.