Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികളുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും  സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പരിശോധിച്ച് വേണം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.  പ്രധാനപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മത്സരിക്കുന്ന ഒരാൾക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ തന്നെ പേരുള്ള ആളായിരിക്കണം.

സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരിതയുള്ള ഉദ്യോഗസ്ഥനിൽ (തഹസിൽദാർ) നിന്നു ലഭിച്ച ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം. 3 വർഷ സാധുതാകാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും ഇതിന് പരിഗണിക്കും.

സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയാകുന്നതിന് അയോഗ്യരാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കുന്നതിന് യോഗ്യതയില്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ സർവകലാശാലയിലോ ഉള്ള  ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സ്ഥാനാർത്ഥിയാകുന്നതിന് യോഗ്യതയില്ല. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതിൽ ഉൾപ്പെടും.

അംഗണവാടി ജീവനക്കാർക്കും, ബാലവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. എന്നാൽ സാക്ഷരതാ പ്രേരക് മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യത ഉള്ളു.

സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.

കെ. എസ്സ്.ആർ.റ്റി.സിയിലെ ജീവനക്കാർ, എംപാനൽ കണ്ടക്ടർമാർ, ഡ്രൈവർ, ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലൂടെ നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാർ എന്നിവർക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്.

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ ജീവനക്കാരല്ലാത്തതിനാൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.

സർക്കാരിലേയ്യോ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നൽകുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.

ബാങ്കുകൾക്കോ സർവ്വീസ് സഹകരണ സംഘങ്ങൾക്കോ നൽകാനുള്ള കുടിശ്ശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കരുതാൻ കഴിയില്ല. ബാങ്കുകൾ. കെ.എഫ്.സി. കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കാനുള്ള കുടിശ്ശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.

1951-ലെ ജനപ്രാതിനിത്യ നിയമത്തിലെ 8-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കിൽ സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ഒരാൾക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. ശിക്ഷിക്കപ്പെട്ടാൽ ജയിൽ  മോചിതനായ ശേഷം ആറ് കൊല്ലം വരെ  അയോഗ്യതയുണ്ടായിരിക്കും. ശിക്ഷ നടപ്പിലാക്കുന്നത് അപ്പിൽ കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കൺവിക്ഷൻ) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം എന്നതൊഴികെയുള്ള കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യതയില്ല.

അഴിമതിയോ കൂറില്ലായ്മയ്യോ ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും   പിരിച്ചുവിടപ്പെട്ട തീയതി മുതൽ 5 വർഷത്തേക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ 6 വർഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ അയോഗ്യനാണ്. എന്നാൽ അത് സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ട് എന്ന കാരണത്താൽ മാത്രം അയോഗ്യത ഇല്ലാതാകുന്നില്ല. സ്റ്റേ ഉത്തരവിലെ ഉപാധികൾ പരിശോധിച്ച് വരണാധികാരി അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളണം.
ഒരാൾ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യനാണ്. സർക്കാർ അഭിഭാഷകർക്ക് പുറമെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന അഭിഭാഷകനായി  ജോലിയിലേർപ്പെട്ടിരിക്കുന്ന ആളും സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് അയോഗ്യനാണ്.

ഒരാൾ തദ്ദേശ സ്ഥാപനത്തിന്റെ ഒരു വാർഡിലേയ്ക്ക് മാത്രമേ മത്സരിക്കുവാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡിലേയ്ക്ക് മത്സരിച്ചാൽ അയാളുടെ എല്ലാ നാമനിർദ്ദേശപത്രികകളും നിരസിക്കുന്നതാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാവുന്നതാണ്.സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിക്ക്  തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവ് പരിഗണിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കാവുന്നതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ നിസാമുദീന്‍ പത്തനംതിട്ട ജില്ല കലക്ടറായി ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ...

Kerala Lotteries Results : 28-02-2025 Nirmal NR-421

1st Prize Rs.7,000,000/- NV 627991 (ERNAKULAM) Consolation Prize Rs.8,000/- NN 627991 NO 627991 NP 627991 NR 627991 NS 627991 NT 627991 NU 627991 NW 627991 NX 627991...
- Advertisment -

Most Popular

- Advertisement -