കോഴിക്കോട് : രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, അതൊരു സംസ്‌കാരമാണെന്ന് നടൻ മോഹൻലാൽ പറഞ്ഞു. അത് തലമുറയിൽനിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. കേസരി വാരികയുടെ ആഭിമുഖ്യത്തിലുള്ള മാതംഗി മൾട്ടി മീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ കർമ്മമേഖല സിനിമയാണ്. അഭിനയമാണ് എനിക്ക് അറിയാവുന്നത്. രാജ്യസ്‌നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകൾ, പ്രത്യേകിച്ച് പട്ടാള സിനിമകളിൽ അതുകൊണ്ട് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായിനിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിർത്തിപ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
അങ്ങനെ വായിച്ചറിഞ്ഞതിനപ്പുറം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ രാജ്യസ്‌നേഹവും ബോധവും. അപ്പോഴൊക്കെ നമുക്ക്സുരക്ഷിതരായി കഴിയുന്നത് അവർ കാവൽ നിൽക്കുന്നതുകൊണ്ടാണ്, അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്‌നേഹമെന്ന് തോന്നിയിട്ടുണ്ട്. ഞാൻ ഇപ്പോൾ അഭിനയിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും അത്തരത്തിൽ ഒരു ചിത്രമാണ്.
രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയിൽ എത്രമാത്രം വിജയകരമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് നാംകണ്ടു. മാതംഗി സ്റ്റുഡിയോയിൽനിന്ന് ഇത്തരത്തിൽ മികച്ച സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപർ ഡോ.എൻ.ആർ. മധു തുടങ്ങിയവർ പങ്കെടുത്തു.





