തിരുവനന്തപുരം: സംസ്ഥാനത്ത് കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആകമിച്ച സംഭവം കേന്ദ്ര ആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തോടെ കാണുന്നു. വനിതാ ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും സിപിഎം മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടി പ്രവർത്തകർ ആക്രമിച്ചത്.
കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി സമ്പർക്കം ചെയ്ത് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ അവർ നേരിട്ട അനുഭവം വിശദീകരിക്കുന്നുണ്ട്. ഇന്ററലിജൻസ് ഏജൻസികൾ വിവിധ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും അവരുടെ ഏജൻസികൾ എടുത്ത ദൃശ്യങ്ങളും ന്യൂഡൽഹിക്ക് അയച്ചു കഴിഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. ഗവർണറുടെ ഓഫീസ് സംസ്ഥാനത്തുനടന്ന സംഭവങ്ങളുടെ പ്രാഥമിക റിപ്പോർട്ട് അയച്ചുകഴിഞ്ഞു. വിശദ റിപ്പോർട്ട് ഉടൻ അയക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരായ പ്രതിഷേധം വലിയ അക്രമത്തിലാണ് അവസാനിച്ചത്.
പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് ആയുധങ്ങളുമായി സംഘടിച്ചു നിന്ന പ്രവർത്തകർ ആക്രമണം നടത്തിയത്. കോഴിക്കോട്ടും കണ്ണൂരും സമാന സ്ഥിതിയുണ്ടായെങ്കിലും നേതാക്കൾ സമ്മതിക്കാഞ്ഞതിനാൽ അണികൾ ആക്രമണം നടത്തിയില്ല.
പിണറായി വിജയന്റെ വീട്ടിനു മുന്നിൽ, പാർട്ടി മുതിർന്ന നേതാക്കൾ, ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി മടങ്ങാമെന്ന് ഉറപ്പു നൽകിയ ശേഷം അണികൾ ആക്രമണം നടത്തിയത്.നേതാക്കൾ പിണറായി വിജയന്റെ വീട്ടു വളപ്പിൽ കയറിയതും അണികൾ വാഹനങ്ങൾക്കുനേരേ ആക്രമണം നടത്തി. ഇഷ്ടികയും കല്ലും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചും പ്രവർത്തകർ ഇഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു.
വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല. പ്രതിഷേധക്കാരുടെ കൈയേറ്റത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കുണ്ട്. ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടതിലും.ഇഡി തമ്പാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ചു





