ചങ്ങനാശ്ശേരി: സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കഴിഞ്ഞുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത ഡോ തോമസ് ജെ നെറ്റോ പറഞ്ഞു.138 ആമത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം കുറുമ്പനാടം സെന്റ് ആന്റണീസ് ചർച്ച് പാരീഷ് ഹാളിലെ മാർ ജോസഫ് പൗവത്തിൽ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ പ്രവർത്തനങ്ങൾക്കും വിശ്വാസ ജീവിതത്തിനും സുഗമമായ കാലഘട്ടത്തിലൂടെയല്ല വർത്തമാന കാലം സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നതെന്നും തോമസ് ജെ നെറ്റോ പറഞ്ഞു.
മത മൗലിക വാദവും ഫാസിസ്റ്റ് ചിന്താ ഗതികളും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളിയാണെന്നും ഈ വെല്ലുവിളികൾ നേരിടാൻ സഭയ്ക്ക് മുന്നിൽ ഒരു പാത വെട്ടിതുറക്കണമെന്നും മെത്രാപോലീത്ത പറഞ്ഞു.
ഹോളി ഫാമിലി ഫ്രാട്ടേണിറ്റി ലോഗോ പ്രകാശനം മെത്രാപോലീത്ത നിർവഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായി.വിക്രം സാരാഭായി സ്പെയ്സ് സെന്റർ പ്രോജക്റ്റ് ഡയറക്ടർ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വികാരി ജനറാൾ ഡോ ജെയിംസ് പാലയ്ക്കൽ, മാർ ജോർജ് കോച്ചേരി, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, അതിരൂപത ചാൻസലർ റവ ഡോ ഐസക് ആലഞ്ചേരി,കുറുമ്പനാടം ഫോറോനാ വികാരി ഡോ ചെറിയാൻ കറുകപ്പറമ്പിൽ ,എം എൽ എഫ് കോൺഗ്രിഗേഷൻ മദർ ജനറാൾ സിസ്റ്റർ മെർളിൻ, യുവദീപ്തി എസ് എം വൈ എം ഡെപ്യൂട്ടി പ്രസിഡന്റ് ലിന്റാ ജോഷി, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ,അഡ്വ ജോജി ചിറയിൽ,ഫാ ജോൺ വടക്കേക്കളം എന്നിവർ പ്രസംഗിച്ചു.