തിരുവനന്തപുരം: മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനയും സഭയുടെ പരിഗണനയ്‌ക്കെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളില്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. മറ്റന്നാള്‍ ആണ് ധനബില്‍ നിയമസഭയില്‍ പാസാക്കുന്നത്. ബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എസ്‌കൈസിന്റേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചകളും ചോദ്യോത്തര വേളയുമാണ് ഇന്നത്തെ പ്രധാന അജണ്ട. ആഭ്യന്തരം, വിദ്യാഭ്യാസം, എക്‌സൈസ്, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകളിന്മേല്‍ ഇന്ന് സഭയില്‍ വിശദമായ ചര്‍ച്ച നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി അടക്കമുള്ള വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടും.





