പത്തനംതിട്ട: കർക്കടക മാസാരംഭമായതോടെ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ കർക്കടക മാസം മുഴുവൻ ഭക്തിനിർഭരമായ ചടങ്ങുകളാണ് നടക്കുന്നത്. നിത്യേനയുള്ള രാമായണ പാരായണം, പ്രത്യേക ഭഗവതി സേവ, ലക്ഷാർച്ചന എന്നിവ ഈ മാസത്തെ പ്രധാന പൂജകളാണ്. ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ ദർശനത്തിനായി ഇവിടെയെത്തുന്നത്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ
രാമായണ മാസത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും രാമായണ പാരായണവും ആരംഭിച്ചു. ഇതോടൊപ്പം കർക്കടക മാസത്തിലെ പ്രശസ്തമായ ആറന്മുള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങളും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. ഭക്തർക്ക് സുഗമമായ ദർശനത്തിന് വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലും രാമായണ മാസാചരണം സമുചിതമായി ആചരിക്കുന്നു. ക്ഷേത്ര മണ്ഡപത്തിൽ രാവിലെയും വൈകിട്ടും ഭക്തരുടെ നേതൃത്വത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ഉണ്ടായിരിക്കും. കൂടാതെ പ്രത്യേക നിവേദ്യങ്ങളും വിഘ്നനിവാരണ പൂജകളും ഈ ദിവസങ്ങളിൽ നടക്കും
ശബരിമല ധർമശാസ്താ ക്ഷേത്രം
കർക്കടക മാസ പൂജകൾക്കായി ഇ ഇന്നലെ വൈകിട്ട് തുറന്നിരുന്നു. രാമായണ മാസത്തിലെ പ്രത്യേക പൂജകൾക്ക് പുറമെ, കർക്കടക വാവുബലി തർപ്പണത്തിനായി പമ്പാ തീരത്ത് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കുന്നത്.
ജില്ലയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഈ മാസം മുഴുവൻ നിർമാല്യ ദർശനം, ഗണപതിഹോമം, വൈകിട്ട് ഭഗവതി സേവ എന്നിവ പ്രത്യേകമായി ഉണ്ടായിരിക്കും. ക്ഷേത്ര സമിതികളുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി രാമായണ പാരായണ മത്സരങ്ങളും ക്വിസ് പരിപാടികളും പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.





