മൂന്നാർ: മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കാരംഭിച്ചു. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങിയതോടെയാണ് ഓണാവധി തുടങ്ങുന്നതിന് മുൻപു തന്നെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്, ചൊക്രമുടി എന്നിവിടങ്ങളിലാണ് ഇത്തവണ കുറിഞ്ഞി വ്യാപകമായി പൂത്തത്. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കുറിഞ്ഞി പൂത്തു തുടങ്ങും. ഓണാവധി ആരംഭിക്കുന്നതോടെ അടുത്ത ദിവസം മുതൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം. വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യം ഉടൻ ആരംഭിക്കും. മുതിർന്നവർക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം





