ന്യൂഡൽഹി : ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് സപ്‌ത മേഖലകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉൽപാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗയും കരകൗശല വിദ്യയും സിനിമയും ഉൾപ്പെടെയുള്ള സോഫ്റ്റ് പവർ, എന്നിവയാണ് ആ മേഖലകൾ. ഇവയുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നതാണ് സപ്തധാരയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മോദി പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നാം മാറി.ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി.കാലഹരണപ്പെട്ട നിയമങ്ങൾ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു.ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വന്നു.കഴിഞ്ഞ 12 വർഷം, ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാർ ചെറിയ സമയത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മുക്തരായത്.
മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി രാജ്യവ്യാപകമായി സൗജന്യ ഓൺലൈൻ പരിശീലന സൗകര്യം ഏർപ്പെടുത്തും. രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും. ആഗോള കായിക വേദികളിൽ ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തിളങ്ങാൻ ആവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കും .വികസിത ഭാരതം 2047 എന്ന ലക്ഷ്യം കൈവരിക്കാൻ യുവശക്തി അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.





