ആലപ്പുഴ: 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശം കരയിലെത്തിച്ച് ‘വള്ളംകളി എക്‌സ്പ്രസ്’ യാത്ര തുടങ്ങി. വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ ‘വള്ളംകളി എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു.
വാഹനത്തിൽ വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, വള്ളംകളി ചരിത്ര ഫോട്ടോ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം.
ആഗസ്റ്റ് 18 മുതൽ 22 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും.
സന്ദർശകർക്ക് ബസിനുള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും.ഉദ്ഘാടന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ എം നൗഫൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി പ്രദീപ്, കെ നാസർ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച്ച എറണാകുളം, ആലപ്പുഴ നഗരങ്ങളിൽ പര്യടനം നടത്തിയ വാഹനം തുടർന്നുള്ള ദിവസങ്ങളിൽ അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, കായംകുളം, മാന്നാർ, കുട്ടനാട്, എടത്വ ചെങ്ങന്നൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും.





