തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണ് .ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്.
മുൻ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ കാലത്ത് റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്തുന്നുണ്ട്. കബിൽ സിബലാണ് അഭിഭാഷകനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





