ആലപ്പുഴ: തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പൈതൃകവും വേദ സംസ്കാരവും കലകളും സംരക്ഷിക്കുന്നതിനായി കേരള ബ്രാഹ്മണ സഭ സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന കലോത്സവം ‘കലാഞ്ജലി 2026’ സെപ്റ്റംബർ 19, 20, 21 തീയതികളിൽ ആലപ്പുഴയിൽ അരങ്ങേറും. 19 -ന് രാവിലെ 10 മണിക്ക് വേദഘോഷങ്ങളോടെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് അധ്യക്ഷത വഹിക്കും.
ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ എസ്.ഡി.വി സ്കൂൾ സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ പത്ത് വേദികളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം കലാപ്രതിഭകൾ മൂന്ന് ദിവസങ്ങളിലായി പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളിലായി 144 ഉപസഭകളും 165 സമൂഹമഠങ്ങളുമായി പ്രവർത്തിക്കുന്ന കേരള ബ്രാഹ്മണ സഭ, 2007-ൽ ആലപ്പുഴയിൽ നിന്നാണ് ‘കലാഞ്ജലി’ എന്ന പേരിൽ യുവജനോത്സവത്തിന് തുടക്കം കുറിച്ചത്.
പിന്നീട് കോട്ടയം, തിരുവനന്തപുരം, മട്ടാഞ്ചേരി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച മേള ഏഴാം പതിപ്പിലെത്തുമ്പോൾ വീണ്ടും പ്രഥമ വേദിയായ ആലപ്പുഴയിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്. യുവജനോത്സവത്തിന് പുറമെ വനിതോത്സവം, ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ബാലോത്സവം എന്നിവയുൾപ്പെടെ 61 മത്സരയിനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്.
എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ കെ.എ. കൃഷ്ണയ്യങ്കാർ നഗർ, ഗേൾസ് ഹൈസ്കൂളിലെ എൻ. നാരായണസ്വാമി നഗർ, ഹയർ സെക്കൻഡറി സ്കൂളിലെ പി. വേണുഗോപാൽ നഗർ, നടുമുറ്റത്തെ പാപ്പാസ്വാമി നഗർ, ഭോജനശാലയിലെ ജെ. കൃഷ്ണൻ നഗർ എന്നിവയുൾപ്പെടെ പ്രമുഖരുടെ പേരുകളിൽ നാമകരണം ചെയ്യപ്പെട്ട പത്ത് നഗറുകളിലാണ് മത്സരങ്ങൾ നടക്കുക.





