പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസിനും ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെയും അഭിമാനമായിരുന്ന പോലീസ് നായ സാമന്ത (K9-286) ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ് മുഖ്യ അതിഥിയായി. പോലീസ് ജീവിതത്തിൽ നിന്ന് വിരമിക്കുന്ന സാമന്ത ജില്ലാ പോലീസ് മേധാവിക്ക് സല്യൂട്ട് നൽകി അഭിവാദ്യം അർപ്പിച്ചു. സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന സാമന്തയ്ക്ക് ജില്ലാ പോലീസ് മേധാവി സല്യൂട്ട് നൽകിയും ഹാരമണിയിച്ചും ആദരവ് നൽകി.
ചടങ്ങിൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ ജയരാജ് , റിസർവ് ഇൻസ്പെക്ടർ ബിജുലാൽ, എന്നിവരും നിരവധി പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഡോഗ് സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിരമിക്കൽ ചടങ്ങിനോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ തന്റെ ഹാൻഡ്‌ലറോടൊപ്പം മാർച്ച് പാസ്റ്റ് നടത്തിയ സാമന്ത ഹാൻഡ്ലർ ആയ ജോർജ് ആന്റണിയുടെ ആജ്ഞകൾക്ക് അനുസരിച്ച് ചുവടുവെച്ചും, പരേഡ് ചെയ്തും, സല്യൂട്ട് നൽകിയും എല്ലാവരുടെയും കയ്യടി നേടി.
ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ആയ സാമന്ത പോലീസ് ഡോഗ് സ്ക്വാഡിൽ ‘നർക്കോട്ടിക് സ്നിഫർ’ വിഭാഗത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. 10 വർഷത്തിലധികമായി പോലീസ് സേനയിൽ സേവനം ചെയ്യുന്ന സാമന്ത 350 ൽ അധികം കേസുകളുടെ അന്വേഷണത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
2023ലെ സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റിൽ ട്രാക്കിംഗ് , ഗന്ധം തിരിച്ചറിയൽ എന്നീ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികവിന് നിരവധി തവണ ജില്ലാ പോലീസ് മേധാവിയിൽ നിന്ന് ഗുഡ് സർവീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.





