പത്തനംതിട്ട: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർദ്ധനവും കാരണം ജില്ലയിൽ രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് വൻ വിലവർദ്ധനവാണ് ഉണ്ടായിരിയുന്നത്. വളം വില വർദ്ധിച്ചതോടെ കൃഷിച്ചെലവ് താങ്ങാനാകാതെ കർഷകർ ദുരിതത്തിലായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് സൾഫർ, ഫോസ്‌ഫറിക് ആസിഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിപണിയിലെ വിലയിലുണ്ടായ വർദ്ധനവും ഇറക്കുമതിയിലെ കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവും ഉയർന്ന ഗതാഗതച്ചെലവും വളങ്ങളുടെ വിപണി വില വർദ്ധിക്കാൻ ഇടയാക്കി.
ഫാക്ടംഫോസ് 1,475 രൂപയായിരുന്നത് 2,300 രൂപയായി ഉയർന്നു. (ഇടയ്ക്ക് ചെറിയ ആശ്വാസമായി വിലയിൽ നേരിയ കുറവ് വന്നെങ്കിലും പഴയ നിരക്കിലേക്ക് എത്തിയില്ല).അമോണിയം സൾഫേറ്റ് 910 രൂപയിൽ നിന്ന് 1,400 രൂപയായി വർദ്ധിച്ചു.എൻ.പി.കെ (15:15:15) 1,100 രൂപയിൽ നിന്ന് 1,650 രൂപയിലേക്ക് ഉയർന്നപ്പോൾ മറ്റ് ചില കമ്പനികളുടെ വളങ്ങൾക്ക് 2,000 രൂപ കടന്നു. യൂറിയയുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നത് മാത്രമാണ് നിലവിൽ കർഷകർക്ക് ഏക ആശ്വാസം.
വില വർദ്ധിച്ചതോടെ വിപണിയിൽ വളം വാങ്ങാൻ ആളെത്താത്ത അവസ്ഥയാണെന്നും വിൽപ്പന പകുതിയായി കുറഞ്ഞതായും വളം ഡിപ്പോ ഉടമകളും ഡീലർമാരും പറഞ്ഞു. ചെലവ് ചുരുക്കുന്നതിനായി കർഷകർ വളപ്രയോഗം കുറയ്ക്കുന്നതും കൃഷിവിസ്തൃതി വെട്ടിച്ചുരുക്കുന്നതും ഭാവിയിൽ കാർഷികോത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.
ഉത്പാദനച്ചെലവിനനുസരിച്ച് വിളകൾക്ക് ലാഭകരമായ വില ലഭിക്കാത്ത സാഹചര്യത്തിൽ വളങ്ങളുടെ കേന്ദ്ര സബ്സിഡി വർദ്ധിപ്പിക്കണമെന്നും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം





