ആലപ്പുഴ : കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേക്കടവ് പാലം പണി പൂർത്തിയായതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അവസാനവട്ട പരിശോധന നടത്തി. മുഖ്യമന്ത്രി വി ഡി സതീശൻ ഒക്ടോബർ 18ന് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയശേഷം ഷാനമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ, സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ, എംപിമാരായ കെ സി വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, വൈക്കം എംഎൽഎ കെ ബിനിമോൻ തുടങ്ങിയവർ പങ്കെടുക്കും.
സർക്കാർ രൂപീകരിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ നിരന്തരയോഗങ്ങളും ഉദ്യോഗസ്ഥതല വിലയിരുത്തലുകളുടെയും തത്ഫലമായി നിർമ്മാണം വേഗത്തിലക്കുവാൻ സാധിച്ചുവെന്നും പാലവുമായി ബന്ധപ്പെട്ട മറ്റ് റോഡുകളുടെ തുടർ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. വൈക്കം എംഎൽഎ കെ ബിനിമോൻ, ജില്ലാ കലക്ടർ ഷാജി വി നായർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ റ്റി രേഖ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.





