പത്തനംതിട്ട : ഈ വർഷത്തെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം പത്തനംതിട്ട കളക്ടറേറ്റിലെ ക്ലർക്ക് വീണ വി. നായർക്ക്. വാഴമുട്ടം സ്വദേശിനിയായ വീണ നാലുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ജില്ലാതലത്തിൽ വിവിധ സർക്കാർ കാര്യാലയങ്ങളിൽ നിന്നായി ലഭിച്ച അപേക്ഷകരാണ് പുരസ്‌കാര നിർണയത്തിനായുള്ള മത്സരത്തിൽ പങ്കെടുത്തത്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജില്ലാ കളക്ടർ നിസാമുദ്ദീൻ എ, എ ഡി എം ആർ രാജലക്ഷ്‌മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.കെ. ജയകുമാർ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എസ്. പോൾ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.





