പത്തനംതിട്ട: ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി പമ്പ റോഡിലെ ചാലക്കയം – പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് വകുപ്പിന്റെ അഭിമാന നേട്ടമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പിന്തുണയും വിവിധ വകുപ്പുകളുടെ ഏകോപനവും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കാരണമായി.
റോഡിന്റെ ഉദ്ഘാടനം ചാലക്കയത്ത് നാട മുറിച് നിർവഹിച്ച ശേഷം പമ്പയിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 കോടി രൂപ ചെലവഴിച്ചാണ് 4.5 കിലോമീറ്റർ ദൈർഘ്യത്തിൽ 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ശബരിമല തീർഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് റോഡ് നവീകരണം അടിയന്തരമായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധികൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഒരു മേഖലയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഭരണാനുമതിയും ഒരു മണിക്കൂറിനുള്ളിൽ മന്ത്രിസഭാ അംഗീകാരവും ലഭ്യമാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ആവശ്യമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി.
പൊതുമരാമത്ത് വകുപ്പിൻ്റെ കാര്യക്ഷമതയും സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാനുള്ള ശേഷിയും തെളിയിക്കുന്നതാണ് ഈ നവീകരണ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു. പാക്കേജിൽ ഉൾപ്പെട്ട 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെൻഡർ ചെയ്തുകഴിഞ്ഞു. തീർത്ഥാടന പാതകളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കൂടുതൽ വേഗം കൈവരിക്കാനാകും.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹകരിച്ച കരാറുകാരൻ എം.പി. ജോളി, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ ആരോഗ്യം- ദേവസ്വം മന്ത്രി കെ മുരളീധരൻ അധ്യക്ഷനായി. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായി. പഴകുളം മധു എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, പി ഡബ്ലു ഡി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എം അൻസാർ, സൂപ്രണ്ടിംഗ് എൻജിനീയർ ജി ആർ ബിജു തുടങ്ങിയവർ പങ്കെടുത്തു.





