പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കു കാലത്തു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വിരിവച്ചു വിശ്രമിക്കാൻ പമ്പയിലും നിലയ്ക്കലും ജർമൻ പന്തലുകൾ ഒരുക്കി. തിരക്കു കാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തുമ്പോൾ 3500 പേരോളം വിശ്രമിച്ചിരുന്ന രാമമൂർത്തി മണ്ഡപം 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയിരുന്നു. പകരം താൽക്കാലിമായി ത്രിവേണി വലിയ പാലത്തിനു സമീപം 5000 പേർക്കു വിശ്രമിക്കാൻ കഴിയുന്ന രണ്ടു ജർമൻ പന്തലുകൾ നിർമ്മിച്ചത്.
പന്തലിന്റെ മധ്യത്തിലോ ഉൾഭാഗത്തോ തൂണുകൾ ഇല്ലാത്തതിനാൽ തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സംഘമായി വിശ്രമിക്കുന്നതിനും പന്തലിൽ സൗകര്യമുണ്ട്. മഴ, കാറ്റ്, കടുത്ത വെയിൽ എന്നിവയെ പ്രതിരോധിക്കാനാകും. ഉൾവശത്ത് തട്ട് അടിച്ചിട്ടുള്ളതിനാൽ വിരിവെച്ച് വിശ്രമിക്കാനാകും ആകും. നിലയ്ക്കലിൽ 3 ജർമൻ പന്തലുകളാണു നിർമിച്ചത്. അതിൽ രണ്ടെണ്ണം തീർഥാടകർക്കു വിശ്രമിക്കുന്നതിനും ഒന്ന് പൊലീസ്, റവന്യു വിഭാഗത്തിന്റെ കൺട്രോൾ റൂമിനുമാണ്.





