മൊസൂൾ : സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ മിസൈലാക്രമണം.ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്.സ്ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങൾ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം.
പ്രദേശത്ത് ഉടനീളം ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും, രക്ഷപ്പെട്ട അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഇറാഖിലെ ഒരു സൈനിക താവളത്തിൽ വലിയ സ്ഫോടനം നടക്കുകയും ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു .
ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തി വന്നിരുന്ന,യുഎസിനെതിരായ ആക്രമണം ഈ വർഷം ഫെബ്രുവരി ആദ്യത്തോടെ അവസാനിപ്പിച്ചിരുന്നു.യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന് യുഎസ് സാന്നിധ്യത്തിനെതിരെ ആക്രമണം പുനരാംഭിക്കുമെന്ന് ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു .