അടൂർ : ശസ്ത്രക്രിയയ്ക്കു മുമ്പും, സമയത്തും അതിനുശേഷവും അനസ്തീഷ്യ വിദഗ്ധരുടെ പങ്ക് എന്ന വിഷയത്തെ കേന്ദ്രീകരിച്ചു അടൂർ ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നാളെ (ഒക്ടോബർ 16) നടക്കും. ലോക അനസ്തീഷ്യ ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തീഷ്യോളജി വിഭാഗം മുൻ മേധാവിയും കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എലിസബത്ത് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ലൈഫ്ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം അനന്തപുരി ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഡോ. സനീഷ് പി. ജെ. ലോക അനസ്തീഷ്യ ദിന സന്ദേശം നൽകും.
ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള രോഗിയുടെ തയ്യാറെടുപ്പ്, ശസ്ത്രക്രിയയ്ക്കിടയിലെ സുരക്ഷിതമായ അനസ്തീഷ്യാ പരിചരണം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള വേദനാനിയന്ത്രണം, പെയിൻ മാനേജ്മെന്റ്, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന വിപുലമായ ഉത്തരവാദിത്വങ്ങളാണ് പരിപാടിയുടെ പ്രധാന പ്രമേയം. അനസ്തീഷ്യയുടെ പ്രാധാന്യവും സുരക്ഷിതമായ ശസ്ത്രക്രിയ, വേദനാനിയന്ത്രണം, രോഗിപരിചരണം എന്നിവയിൽ അനസ്തീഷ്യ വിദഗ്ധരുടെ നിർണായക പങ്കും പരിപാടിയിൽ ചർച്ച ചെയ്യും. ക്ലിനിക്കൽ കേസുകളെടുത്തു പ്രത്യേകമായി പാനൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി അനസ്തീഷ്യ വിദഗ്ധരുടെ സേവനവും സംഭാവനകളും കണക്കിലെടുത്തു മുതിർന്ന അനസ്തീഷ്യ വിദഗ്ധരെ ആദരിക്കും. കേരളത്തിലെ വിവിധ ആശുപത്രികളിൽനിന്നുമുള്ള 150-ൽപ്പരം അനസ്തീഷ്യ വിദഗ്ധർ പങ്കെടുക്കും.





