അടൂർ : കടമ്പനാട് കല്ലുവിളേത്ത് മുടിപ്പുര റോഡിൽ അവഞ്ഞിയിൽ ഏലായിലും റോഡിനോട് ചേർന്നുള്ള ചാലിലും കക്കൂസ് മാലിന്യം നിക്ഷേപിച്ച ടാങ്കർ ലോറിയും അകമ്പടി വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി.
ടാങ്കർ ഡ്രൈവർ ചാരുംമൂട് തെരുവുമുക്ക് തറയിൽ പടീറ്റതിൽ അജിത് സലിമിനെ (28) അറസ്റ്റ് ചെയ്തു. 22 ന് രാത്രി 11 നും 11.15 നുമിടയിലാണ് മാലിന്യം ഇവിടെ തള്ളിയത് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്ന് പുലർച്ചെ 5.30 ന് നടക്കാനിറങ്ങിയ കടമ്പനാട് മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് ഇടശ്ശേരഴികത്ത് അനിൽ കുമാറാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഏനാത്ത് പോലീസിനെ അറിയിച്ചത്.
പൊതുപ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തു. ഏലായ്ക്ക് അടുത്തെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് നോക്കിയപ്പോഴാണ് റോഡിന്റെ പടിഞ്ഞാറ് ചാലിലും റോഡിലുമായി കക്കൂസ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്
ചുവന്ന നിറത്തിലുള്ള ടാങ്കറും, ഇളം പച്ച താർ ജീപ്പും കടമ്പനാട് ഭാഗത്തുനിന്നും വന്ന് മാലിന്യം നിക്ഷേപിച്ച ശേഷം ഏനാത്ത് ഭാഗത്തേക്ക് പോയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പോലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നിർദേശപ്രകാരം എസ് ഐ ആർ രാജേഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. അജിത് സലീമിനെ കോടതിയിൽ ഹാജരാക്കി വാഹനങ്ങൾ പിടിച്ചെടുത്തു.