ന്യൂഡൽഹി : സഞ്ചാർ സാഥി ആപ്പ് താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സൈബർ സുരക്ഷ മുൻനിർത്തി പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
രാജ്യത്ത് മൊബൈൽ നമ്പറുകളെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് സഞ്ചാർ സാഥി.2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. രാജ്യത്ത് വിൽക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോൺ നഷ്ടപ്പെട്ടാൽ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാർഗമായാണ് സർക്കാർ ഈ ആപ്പ് അവതരിപ്പിച്ചത്.ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകൾ കണ്ടെത്താൻകഴിഞ്ഞതായാണ് സർക്കാർ കണക്കുകൾ .






