ആലപ്പുഴ: വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ദൃശ്യമാധ്യമങ്ങളുടെ വരവിനു മുമ്പ് തന്നെ വള്ളംകളിയെ ജനപ്രിയമാക്കുന്നതിൽ കമന്ററി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേൾവിക്കാരുടെ മനസ്സിൽ വള്ളംകളിയുടെ തനിമയാർന്ന ദൃശ്യങ്ങൾ പകർന്നുനൽകാൻ സാധിക്കുന്ന മികച്ച ഭാഷാശൈലിയാണ് വള്ളംകളി കമന്ററിയുടെ സവിശേഷത എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തെ ആസ്പദമാക്കിയാണ് മത്സരാർഥികൾ കമന്ററി അവതരിപ്പിച്ചത്. ഹൈസ്കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മത്സരവിജയികൾ:
ഹൈസ്കൂൾ – ഹയർസെക്കൻഡറി വിഭാഗം:
ഒന്നാം സ്ഥാനം: ആൻമേരി ബ്രിട്ടോ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, പുന്നപ്ര)
രണ്ടാം സ്ഥാനം: സി.ആർ. ബ്രൂട്ടോ (എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, കുട്ടമംഗലം)
ജൂറിയുടെ പ്രത്യേക പരാമർശം: മുഹമ്മദ് യാസിൻ (പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസ്)
പൊതുവിഭാഗം:
ഒന്നാം സ്ഥാനം: എസ്. അജയ് കൃഷ്ണ (കല്ലുപുരയ്ക്കൽ, ഹരിപ്പാട്)
രണ്ടാം സ്ഥാനം: ഷാഹിം മഹ്മ്മുദ് (മാഴ്സ് വില്ല, പുന്നപ്ര)
പ്രോത്സാഹന സമ്മാനം: അഥീനാ സോണി, സന്തോഷ് തോമസ്, റോണി ജേക്കബ്, ജോൺ ബോസ്കോ.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും.





