പത്തനംതിട്ട: കാന്തപുരം അബൂബക്കർ മുസ്ലിയാർ കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും മന്നത്ത് പത്മനാഭനും ഉൾപ്പെടെ നിരവധി നവോത്ഥാന നായകന്മാർക്ക് ജന്മം നൽകിയ പവിത്രമായ മണ്ണ് ആണിത്. അന്ധമായ മതവിശ്വാസത്തിന്റെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കാൻ ആരെയും അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്ത്രീകൾക്കെതിരെ വളരെ ഹീനമായ ഒരു പ്രസ്താവന നടത്തിയിട്ടും കേരളത്തിലെ മുഖ്യമന്ത്രി വി. ഡി .സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പഞ്ചപുഛമടക്കി നിൽക്കുന്നത് വോട്ട് രാഷ്ട്രീയം മുന്നിൽ കണ്ടു മാത്രമാണ്. വർഗീയ പരാമർശം നടത്തിയെന്നതിൻ്റെ പേരിൽ ടി.പി മോഹൻദാസിനെതിരെയും
പി.സി ജോർജിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തവർ അയ്യപ്പനിന്ന നടത്തിയ സണ്ണി കപികാടിനെതിരെയും സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെയും കേസെടുക്കാൻ ഭയപ്പെടുന്നത് ഇരട്ട നീതിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മതപണ്ഡിതന്മാരെ രാഷ്ട്രീയ നേതാക്കൾ ഭയപ്പെടുന്നതായും മുഖ്യമന്ത്രിയുടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കാന്തപുരത്തിന്റെ മതശാസനയ്ക്ക് എതിരെ ഡി.വൈ.എഫ്ഐ .യും, യൂത്ത് കോൺഗ്രസും സാംസ്കാരിക നായകന്മാരും പുരോഗമന,കലാ സാഹിത്യകാരന്മാരും അർത്ഥവത്തായ മൗനം പാലിക്കുന്നത് ഗുരുതരമായി കാണേണ്ടതാണ്.
കാന്തപുരം വിദേശത്ത് പോകുമ്പോൾ സ്ത്രീകൾക്ക് ഒപ്പം വേദി പങ്കിട്ടിട്ടുള്ളത് നാം കണ്ടിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളോട് മാത്രം എന്താണ് ഇത്ര അസഹിഷ്ണുത എന്നും സുരേന്ദ്രൻ ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി മൗനം പാലിക്കുന്നതും അയ്യപ്പനിന്നയ്ക്ക് എതിരെ ദേവസ്വം ബോർഡ് നിയമനടപടി സ്വീകരിക്കാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.





