തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പോലീസ്. സമരസമിതി സെക്രട്ടറി എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയെന്നാരോപിച്ചാണ് നടപടി. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുക, 60 കുട്ടികൾക്ക് മുകളിലുള്ള സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർക്ക് സഹായിയായി എൽ.പി.എസ്.ടി നിയമനം നടത്തുക മുതലായവയാണ് സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ. പ്രതിപക്ഷത്തിരുന്നപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളെ പിന്തുണച്ചവർ ഇപ്പോൾ സമരക്കാർക്കെതിരെ നീങ്ങുകയാണെന്ന് സമരസമിതി ആരോപിച്ചു.





