പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന പാതയില്‍ 14.14 കോടി രൂപയുടെ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിർമ്മാണം പൂര്‍ത്തിയായി. ഒമ്പത് മാസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഒരു മാസം കൊണ്ടാണ് തീർത്തത് .
4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം നിര്‍മാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തിയാണ് അതിവേഗത്തില്‍ പൂര്‍ത്തിയായത് .റോഡിന്റെ ഉപരിതലം കൂടുതല്‍ മികവുറ്റതും ഈടുനില്‍ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബി.എം. പാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബി.സി. പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിങ് നടത്തിയത്. അതിന്റെ അടിയില്‍20 മുതല്‍ 30 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.
ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് സൈഡിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.





