തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി തുടരുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അധികൃതർ അറിയിച്ചു.





