പന്തളം:ക്ഷേത്ര ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരേത്ത് വീട്ടിൽ അനൂപ് കൃഷ്ണനെ (30) ആണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 ന് പുലർച്ചെ ആണ് തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ക്ഷേത്ര ദർശനത്തിന് എന്നു പറഞ്ഞ് അനൂപ് വീട്ടിൽ നിന്നിറങ്ങിയത്.ദിവസങ്ങളായി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഡിവൈഎസ്പി ആർ.ജയരാജിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ് ഐ പി.കെ.രാജൻ, എസ്.ഐ ഉണ്ണികൃഷ്ണൻ, സിപിഒ രഞ്ജിത് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തൃശൂരിൽ കണ്ടെത്തിയത്.പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു