തിരുവല്ല : ദീർഘവീക്ഷണവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും മൂല്യബോധവുമാണ് മികച്ച നേതക്കളുടെ പ്രധാന സവിശേഷതകളെന്നും പ്രതിസന്ധികളിൽ തളരാതെ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും നേതാക്കൾ തയ്യാറാകണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ അഭിപ്രായപെട്ടു.
വൈ.എം.സി.എ കേരള റീജിയൻ മധ്യമേഖല ദ്വിദിന ലീഡേഴ്‌സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്‌സ് ഹെഡ്‌ക്വാർട്ടേഴ്‌സ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദീർഘവീക്ഷണത്തോടൊപ്പം എല്ലാവരെയും ഉൾകൊണ്ടു പ്രവർത്തിക്കുവാനും നേതൃത്വത്തിനു കഴിയണമെന്നും മെത്രപ്പോലീത്താ പറഞ്ഞു.
മധ്യമേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വൈ.എം.സി.എ മുൻ ദേശീയ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി.
വിനു ജോബ് എം.എൽ.എ, റീജിയണൽ ട്രഷറർ അനിൽ ജോർജ്, ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, മുൻ റീജിയണൽ ചെയർമാൻ അഡ്വ. വി.സി. സാബു, കോൺഫറൻസ് ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, കോർഡിനേറ്റർ എബി ജേക്കബ്, റീജിയണൽ സെക്രട്ടറി പ്രിൻസിലി വിബിൻ, സുനിൽ മറ്റത്ത്, അജുൻ ഈപ്പൻ, ജിൻസൺ ബേബി എന്നിവർ പ്രസംഗിച്ചു.





