ചെന്നൈ: ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോകം ശ്രമിക്കുകയാണെന്നും അതിന് കഴിവുകളും സാധ്യതകളും ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസിത് ഭാരത്’ (വികസിത ഭാരതം) എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ യുവജനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുവജനങ്ങള്‍ക്ക് ഭാരതത്തില്‍ മികച്ച അവസരങ്ങളുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ അവരോട് ആഹ്വാനം ചെയ്തു. യുവജനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന നൂതന ആശയങ്ങളും പരിഹാരങ്ങളും ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഭാവി രൂപപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ ഉല്‍പ്പാദന മേഖലയിലുണ്ടായ വളര്‍ച്ച എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഈ മേഖലയുടെ വിപുലീകരണം യുവാക്കള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി 50 മടങ്ങ് വര്‍ധിച്ചതായും എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പുതിയ റെക്കോര്‍ഡിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി ഭാരതം മാറിയെന്നും, 2014-ന് ശേഷം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 11 മടങ്ങ് വര്‍ധിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.





