തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവ് പുള്ളികളുടെ എണ്ണത്തിന് അനുസൃതമായ ജയിൽ സൗകര്യങ്ങൾ സംസ്ഥാനത്തില്ലെന്നും സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനികവത്കരണവുമായി ബന്ധപ്പെട്ട് സമഗ്രപരിഷ്‌കരണം നടത്താനുള്ള ചർച്ചകൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടിയതിനാൽ ഒരു സെൻട്രൽ ജയിലിൻ്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന കാര്യം ആഭ്യന്തര വകുപ്പ് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
അംഗീകൃത പാർപ്പിട ശേഷിയേക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 57 ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്.





