കോഴഞ്ചേരി : ഓണം അടുത്തതോടെ പട്ടണ, ഗ്രാമ പ്രദേശങ്ങളിൽ വസ്‌ത്ര വ്യാപാര വിപണിയിൽ തിരക്കേറുന്നു. പച്ചക്കറി, പലചരക്ക്, പഴവർഗ വിപണിയേക്കാൾ ഇത്തവണ ആദ്യം തന്നെ രംഗം കൊഴുപ്പിച്ചു തുടങ്ങി ഓണ വസ്‌ത്ര വ്യാപാര മേഖല. നേരത്തെ പട്ടണങ്ങളിലായിരുന്നു തിരക്കെങ്കിൽ ഇക്കുറി നാട്ടിൻ പുറങ്ങളിലെ വസ്‌ത്ര ശാലകളിലും തിരക്ക് ആരംഭിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ ഓണക്കോടി ഉൾപ്പെടെയുള്ള വസ്‌ത്രങ്ങളുമായി തവണ വ്യവസ്ഥയിലുള്ള ഓണ കച്ചവടവുമായി രംഗത്തുണ്ട്. കോളനികൾ, അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ വിപണനം. കോഴഞ്ചേരി, പുല്ലാട്, നാരങാനം, ഇരവിപേരൂർ, വെണ്ണിക്കുളം, തടിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇവരെ കാണാം.
ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകുന്ന വസ്‌ത്ര വിപണിയിൽ ജെൻസികളുടെ തിരക്ക് കൂടി വരികയാണ്. വിലക്കുറവും ആകർഷകമായ സമ്മാനങ്ങളുമായാണ് വസ്‌ത്രവിപണി യുവ ജനതയെയും വീട്ടമ്മമാരെയും കീഴടക്കുന്നത്. ഓൺലൈൻ വ്യാപാരവും തകൃതിയാണെങ്കിലും കടകളിൽ നേരിട്ടെത്തി വസ്‌ത്രം തിരഞ്ഞടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. തെരുവു കച്ചവടക്കാരും ഓണം പ്രമാണിച്ച് നിരത്തുകളിൽ സജീവം. ഡിസ്കൗണ്ട് നിരക്കുകളുമായി ഖാദി, കൈത്തറി വ്യാപാരവും ഉഷാറാണ്.
പുരുഷന്മാർക്കായി പരമ്പരാഗത ശൈലിയിലുള്ള മുണ്ടുകൾ, കോട്ടൺ കുർത്തകൾ, കോട്ടൺ സിൽക് കുർത്തകൾ, മൽഗോട്ടൺ കൂർത്തകൾ ചേർന്ന കോംബോ ഓഫറുകൾ എന്നിവയ്ക്കും ആവശ്യക്കാരേറെ. കഥകളി രൂപങ്ങൾ. പൂക്കൾ, കസവ് ഡിസൈൻ എന്നിവ പ്രിൻ്റ് ചെയ്ത ഷർട്ടുകൾ ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
സ്ത്രീകൾക്കായുള്ള മൽകോട്ടൺ, ഓർഗൻസ, ടിഷ്യൂ സാരികൾ ഇപ്പോൾ വിപണിയിൽ ട്രെൻഡിംഗ് ആണ്. കസവ് സാരികൾ, ധാവണി, പട്ട് പാവാട എന്നിവയുടെ പുതിയ സ്റ്റോക്കുകളും കടകളിൽ എത്തിയിട്ടുണ്ട്. വസ്‌ത്ര വിപണിയിൽ പരമ്പരാഗത തനിമ നിലനിർത്തുന്ന ആധുനിക ഫാഷൻ ട്രെൻഡുകളാണ് ഇപ്പോൾ തരംഗമാകുന്നത്.
ഓണാഘോഷത്തിന് ട്രെൻഡി ലുക്ക് ഉള്ള വസ്ത്രങ്ങൾക്കായി വിദ്യാർഥികളും തിരക്കു കൂട്ടുന്നുണ്ട്. ബ്ലോക്ക് പ്രിൻ്റഡ് കോട്ടൺ സാരികൾ, ലെയേർഡ് കുർത്തകൾ, സിംപിൾ കൂർത്തി പാൻ്റ് സെറ്റുകൾ എന്നിവയാണ് ഓണം കളറാക്കാൻ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ ഡിസൈനിലുള്ള വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയും ഫാഷൻ പ്രേമികളായ കുടുംബങ്ങൾക്കിടയിൽ പതിവായിട്ടുണ്ട്.





