കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടൂർ, പന്തളം, കൊടുമൺ, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അടച്ചിട്ട വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണം പതിവായിരുന്നു. പ്രാദേശികമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
മോഷണത്തിന് ശേഷം ഇടുക്കിയിലെ തോട്ടം മേഖലയായ ചിന്നക്കനാലിലെ റിസോർട്ടിലും ലയം പോലെയുള്ള ഇടങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു സംഘം. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം അവിടെയെത്തി പ്രതികളെ വളഞ്ഞുപിടിച്ചത്.
പിടിയിലായവരിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങളും പണവും മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളും കണ്ടെടുത്തതായാണ് സൂചന. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ജില്ലയിലെ മറ്റ് പ്രധാന കവർച്ചകളിലും ഇവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും അടൂർ പോലീസ് അറിയിച്ചു. അഞ്ചംഗ സംഘത്തെ ആണ് പൊലീസ് പിടികൂടിയത്.
തിരുവല്ല സ്വദേശി വിശാൽ ആണ് മോഷണ സംഘത്തിൻ്റെ തലവൻ. ബാക്കി 4 പേരും പ്രായപൂർത്തിയാകാത്തവരാണ്. ജില്ലയിലെ വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കുകയും കൊടുമൺ ബവ്റിജസ് ഔട്ട് ലെറ്റിൽ നിന്ന് രണ്ട് കേസ് മദ്യം കടത്തിയതും സംഘമാണെന്ന് പൊലീസ് പറഞ്ഞു.
വെഞ്ഞാറമ്മൂട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് സംഘം മോഷണം ആസൂത്രണം ചെയ്തത്. ഓട്ടോ കൈപ്പട്ടൂരിൽ ഉപേക്ഷിച്ചിട്ടാണ് മോഷണ സംഘം കടന്നത്. ചിന്നക്കനാലിലെ വ്യാപാര സ്ഥാപനം കുത്തി തുറന്ന് 50,000 രൂപയും അപഹരിച്ചിരുന്നു. സംഘത്തിലെ മുഖ്യ പ്രതിയുടെ കൈയിലെ ടാറ്റുവിൻ്റെ ചുവട് പിടിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
മറ്റ് ജില്ലകളിലും സമാന രീതിയിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്





