മുംബൈ : സമുദ്രാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ശത്രു അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധിക്കാനുമുള്ള ശേഷി വർധിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐഎൻഎസ് മംഗ്രോൾ ഇന്ന് സേനയുടെ ഭാഗമായി. തീരക്കടലിലെ അന്തർവാഹിനി വേട്ടയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് വിഭാഗത്തിൽപ്പെട്ട കപ്പലാണിത്.
തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സായന്റെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്യ്തു. കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചത്. ഗുജറാത്തിലെ ജുനാഗഢ് ജില്ലയിലുള്ള തീരനഗരമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.
2004 വരെ നാവികസേനയിൽ സേവനമനുഷ്ഠിച്ച മൈൻസ്വീപ്പർ കപ്പലായിരുന്ന ഐഎൻഎസ് മംഗ്രോൾ (M85)ന്റെ പാരമ്പര്യവും പുതിയ യുദ്ധക്കപ്പൽ ഏറ്റെടുക്കുന്നു. പ്രതിരോധ ഉൽപ്പാദന മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഐഎൻഎസ് മംഗ്രോളിന്റെ വരവ്.
കപ്പലിലെ 80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചതാണ്. യുദ്ധക്കപ്പൽ നിർമാണത്തിൽ ഇന്ത്യ കൈവരിക്കുന്ന സാങ്കേതിക മികവിന്റെ തെളിവുകൂടിയാണിത്. അത്യാധുനിക സെൻസറുകളും ആയുധസംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
അന്തർവാഹിനികളെ കണ്ടെത്തുന്നതിനുള്ള ‘അഭയ്’ ഹൾ മൗണ്ടഡ് സോണാർ, ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, ‘മാരീച്ച്’ അഡ്വാൻസ്ഡ് ടോർപ്പിഡോ ഡെക്കോയ് സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. ശത്രു അന്തർവാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാനും അവ ഉയർത്തുന്ന ഭീഷണി നേരിടാനും ഈ സംവിധാനങ്ങൾ നാവികസേനയെ സഹായിക്കും. തദ്ദേശീയമായി യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള ഇന്ത്യയുടെ ശേഷി വർധിക്കുന്നതിന്റെ സൂചന കൂടിയാണിത്.





