ആലപ്പുഴ: സംസ്ഥാനത്തെ 433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ ഉടൻ മൂലധനമായി നൽകാൻ തീരുമാനിച്ചതായി ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റി (എസിസിഡിഎസ് ) നേതൃത്വത്തിൽ ചേർത്തല പതിനൊന്നാം മൈലിന് സമീപം തുടങ്ങിയ മാതൃക യന്ത്രവൽകൃത കയർപിരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കയർ ഭൂവസ്ത്ര പദ്ധതിയിൽ സംസ്ഥാന കയർ കോർപ്പറേഷന് നൽകാനുള്ള 65 കോടി രൂപയിൽ 40 കോടി രൂപ നവംബർ അവസാനത്തോടെ നൽകുമെന്നും കയർ മന്ത്രി പറഞ്ഞു. കയർപിരി തൊഴിലാളികളുടെ ചുരുങ്ങിയ വേതനം 500 രൂപയായി വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ഇത് സംബന്ധിച്ച് ഒക്ടോബർ 26 ന് ബന്ധപ്പെട്ട എല്ലാവരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കയർ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ് ഗ്രേഷ്യയായി സർക്കാർ പ്രഖ്യാപിച്ച 2000 രൂപ വീതം വിതരണം ചെയ്യുന്ന പദ്ധതി നവംബർ വരെ നീട്ടും. അഞ്ചു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
കയർ മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ അതിന്റെ സാധ്യതകളാണ് തെളിഞ്ഞുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പി പ്രസാദ് എംഎൽഎ അധ്യക്ഷനായി. തൊണ്ടും ചകിരിയും പാഴാക്കാനുള്ളതല്ല, പണമാക്കാനുള്ളതാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എസിസിഡിഎസ് സ്വതന്ത്ര ഡയറക്ടർ എം കുമാരസ്വാമിപിള്ള കയർപിരി മേഖലയുടെ ആധുനികവൽക്കരണത്തിന്റെ മാർഗ്ഗരേഖ അവതരിപ്പിച്ചു. കയർ മേഖലയിലെ സംഭാവനകൾക്ക് വി വി പവിത്രൻ, വി ആർ പ്രസാദ്, എം കുമാരസ്വാമിപിള്ള, റോബി ഫ്രാൻസിസ്, അഭിജിത് ടി കെ എന്നിവരെ ആദരിച്ചു.
ഒന്നാം ഘട്ടമായി എസിഡിഎസിന്റെ വർക് ഷെഡ്ഡിൽ 20 ആധുനിക കയർപിരി യന്ത്രങ്ങളാണ് സ്ഥാപിച്ചത്. ഇതിലൂടെ 40ഓളം സ്ത്രീകൾക്ക് തൊഴിൽ സാധ്യമാക്കി. രണ്ട് ഷിഫ്റ്റുകളിലായി എട്ട് മണിക്കൂറാണ് യൂണിറ്റ് പ്രവർത്തിക്കുക. പുതിയ യൂണിറ്റ് വഴി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കയറിന്റെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.





