പത്തനംതിട്ട : അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. തുടർച്ചയായ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വിഷയത്തിൽ പരസ്യപ്രതികരണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
ശ്രീനാദേവി കുഞ്ഞമ്മയും യൂട്യൂബർ രാജൻ ജോസഫും തമ്മിലുള്ള തർക്കത്തിൽ പാർട്ടി നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്യക്തിപരമായ തർക്കങ്ങൾ പാർട്ടിയുടെ പേരിൽ ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായവും മുതിർന്ന നേതാക്കൾക്കിടയിലുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാദേവിക്ക് പരസ്യമായ പിന്തുണ നൽകുന്നതിൽനിന്ന് നേതൃത്വം തൽക്കാലം വിട്ടുനിൽക്കുകയാണ്.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ നിരന്തരം പ്രതികരിക്കേണ്ട ഉത്തരവാദിത്വം ശ്രീനാദേവി കുഞ്ഞമ്മയ്ക്കില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു നടത്തിയ പരാമർശത്തിന് ശ്രീനാദേവി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകിയതും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, അടൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാടിനൊപ്പമാണെന്നാണ് റിപ്പോർട്ട്. പ്രാദേശികതലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അനാവശ്യമായി വലുതാക്കുന്നുവെന്ന വിമർശനവും ശ്രീനാദേവിക്കെതിരെ ഉയർന്നിട്ടുണ്ട്. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ചില നേതാക്കൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്





