പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി വില ഈടാക്കിയാണ് കേരളത്തില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിറ്റഴിക്കുന്നത്.
ഇതിന് പിന്നില്‍ തമിഴ്‌നാട് ലോബിക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. വെളുത്തുള്ളി കിലോഗ്രാമിന് 80 രൂപ, മുരിങ്ങയ്‌ക്കാ കിലോയ്‌ക്ക് 120, ചെറിയ ഉള്ളിക്ക് 220. വില കുതിച്ചുയരുന്ന കാര്യം സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടും പ്രതിവിധി കണ്ടെത്താന്‍ നടപടി ഇല്ലാത്തതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മുട്ടയുടെയും മറ്റു പച്ചക്കറി വിലകളുടെയും വിലയും ഉയരുന്നതായി പരാതിയുണ്ട്. അടുക്കള ബജറ്റ് താളം തെറ്റുന്നതിന്റെ വേവലാതിയിലാണ് വീട്ടമ്മമാര്‍. കര്‍ണാകടയില്‍ നിന്നും എത്തിക്കുന്ന ചെറിയ ഉള്ളിക്ക് 220 രൂപയായി വില ഉയരാനുള്ള കാരണം വ്യക്തമല്ല. തമിഴ്നാട്ടില്‍ നിന്നും വരുന്നഗുണനിലവാരം കുറഞ്ഞ ഉള്ളിക്ക് 180 രൂപ നല്‍കണം. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയുടെ വില 65 രൂപ കടന്നു.
വരും ദിവസങ്ങളില്‍ സാവാളയുടെ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പാലക്കാട്-നെന്മാറയില്‍ നിന്നും വരുന്ന പാവയ്‌ക്കായ്‌ക്ക് 80 രൂപയാണ് വില. ഉരുളക്കിഴങ്ങിന്റെ വില 120 കവിഞ്ഞു. തമിഴ്നാട്ടിലെ പുളിയംകുഴി ഭാഗത്തുനിന്നും വരുന്ന നീരുള്ള നാരങ്ങായുടെ വില 160 കവിഞ്ഞു.
പച്ചക്കറിയുടെ വിലയിലുണ്ടായ വര്‍ദ്ധന സാധാരണക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. കനത്ത മഴയുംകൃഷിനാശവുമാണ് പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാഖ്യാനം. ശബരിമല തീര്‍ത്ഥാടനകാലം എത്തിയതോടെ അയല്‍ സംസ്ഥാനങ്ങളിലും പച്ചക്കറി വില കൂടിയിട്ടുണ്ട്. പച്ചക്കറി വിലക്കയറ്റം സാധാരണ കുടുംബങ്ങളെ മാത്രമല്ല ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നതോടെ ഹോട്ടല്‍ നടത്തിപ്പും കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മുട്ട വിലയ്‌ക്കൊപ്പം കോഴി, പോത്ത് ഇറച്ചി വിലയും ഉയരുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ മാംസ വില വീണ്ടും ഉയരും. ഒരു കിലോ നാളികേരത്തിന് 70 രൂപയാണ് വില. ഇത് ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.





