കൊച്ചി : ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശ യാത്ര ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശിക്ഷ വിധിച്ച സമയത്ത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ വിദേശത്ത് സുഖവാസം എന്ന നിലപാടാണ് പലർക്കുമുള്ളത്. ഇത് കാണുന്ന പൊതുജനം ജഡ്ജിമാർക്ക് ബുദ്ധിയില്ലെന്ന് കരുതും, എന്നാൽ ആരും അങ്ങനെ കരുതേണ്ടതില്ല, എന്ന് കോടതി വ്യക്തമാക്കി.
തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങളും അദ്ദേഹം എത്ര ദിവസം ജയിലിലും ആശുപത്രിയിലുമായി കഴിഞ്ഞു എന്നതിന്റെ കണക്കുകളും വെള്ളിയാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഉപജീവനമാർഗ്ഗം തടസ്സപ്പെടുമെന്ന് കാട്ടിയാണ് തച്ചങ്കരി ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്യാൻ ഹർജി നൽകിയത്. യു.എ.ഇയിലേക്ക് യാത്ര ചെയ്യാനും അവിടെ ജോലി ചെയ്യാനും അനുമതി നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം





