കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് പാലാക്കരി അക്വാ ടൂറിസം സെന്‍ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് തുടക്കം കുറിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ. ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു അജി, ലിജി സലഞ്ചരാജ്, കെ.ജെ. സണ്ണി, എസ്. ബിജു, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സോണി സണ്ണി എന്നിവർ പ്രസംഗിച്ചു.
75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ‘ആദിത്യ 3’ എന്ന സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 11ന് ആരംഭിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ കായൽ കാഴ്ചകൾ, സൂര്യാസ്തമയം, നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം എന്നിവ ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും.





