കോട്ടയം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജനസംഘം കോട്ടയം കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. നിതിന്റെ മരണത്തിൽ ഭരണകൂടം ഉത്തരവാദികളാണെന്നും സർക്കാർ മറുപടി പറയണമെന്നും നീതി നടപ്പായില്ലെങ്കിൽ തുടർന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് എന്നിവർ പറഞ്ഞു.
ആരോപണ വിധേയരായ ഡോ.ആർ.കെ.റാം, ഡോ.സംഗീത നമ്പ്യാർ എന്നീ അധ്യാപകർ നിലവിൽ സസ്പെൻഷനിലാണ്. ശിക്ഷാ നടപടികൾ സസ്പെൻഷനിൽ മാത്രം ഒതുക്കാതെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാരായവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനപരമായ ഇത്തരം പ്രവണതകൾക്കെതിരെ അടിയന്തര നിയമ നിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും യുവജനസംഘം പ്രസിഡൻറ് മനോജ് കെ. രാജൻ ആവശ്യപ്പെട്ടു.
മഹിളാ സമാജം പ്രസിഡൻ്റ് ദീപ സുമേഷ്, യുവജനസംഘം ഭാരവാഹികളായ വിനോദ് കെ.ആർ, അശ്വതി രമേശ്, രമേശ്കുമാർ എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു.





