ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി ഉയർന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിൽ ആകെ 443 വിദ്യാർഥികളാണ് സമാനമായ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇതിൽ നിലവിൽ 58 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയിലുണ്ടായിരുന്ന 68 പേരിൽ 30 പേർ രോഗം ഭേദമായി ഇതിനോടകം ആശുപത്രി വിട്ടിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കിണറുകളും മറ്റ് ജലസ്രോതസ്സുകളും കേന്ദ്രീകരിച്ച് ക്ലോറിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രോഗബാധയുണ്ടായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ലാബ് പരിശോധനയ്ക്ക് അയക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.





