പത്തനംതിട്ട : വിപണിയിൽ പഞ്ചസാരയ്ക്കും മുട്ടയ്ക്കും ഉണ്ടായ വില വർധന ജില്ലയിലെ ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. പാചക വാതക വില വർധന കാരണം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് ഇരട്ടി പ്രഹരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
കേക്ക്, ലഡു, ജിലേബി, ബിസ്‌ക്കറ്റ് എന്നിവയുടെ ഉൽപ്പാദനത്തിന് ആവശ്യമായതാണ് മുട്ടയും പഞ്ചസാരയും. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 44 രൂപ ഉണ്ടായിരുന്ന പഞ്ചസാരയ്ക്ക് 6 രൂപ കൂടി ഇപ്പോൾ 50 ആണ് വില. മുട്ടയ്ക്കും വില കൂടിയതിനാൽ ഇവ രണ്ടും ചേർത്തുള്ള പലഹാരങ്ങൾ നിർമ്മിക്കുന്നതിന് ചെലവേറിയതായി ബേക്കറി ഉടമകൾ പറഞ്ഞു.
കേക്കും മധുര പലഹാരങ്ങളും ഉൾപ്പെടുന്ന ജന്മദിനം പോലുള്ള ആഘോഷ പരിപാടികൾ നടത്തുന്നതിന് ചെലവ് കൂടിയത് സാധാരണക്കാരെയും ബാധിച്ചു.
ഇ20 പെട്രോളിനായി എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിന് പഞ്ചസാര കൂടുതൽ ഉപയോഗിച്ചു തുടങ്ങിയതാണ് വില വർധനയ്ക്ക് കാരണമെന്ന് പഞ്ചസാര മൊത്ത വ്യാപാരികൾ വ്യക്തമാക്കുന്നത്.
കരിമ്പ് ആണ് എഥനോൾ ഉൽപ്പാദനത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തു. പെട്രോൾ ഉൽപ്പാദനത്തിന് എഥനോൾ ആഭ്യന്തരമായി തന്നെ നിർമ്മിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. ഈ സാഹചര്യത്തിൽ കർണാടക, മഹാരാഷ്‌ട്ര , ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വൻ തോതിൽ ഉൽപ്പാദിപ്പിക്കുന്ന കരിമ്പ് പഞ്ചസാരയാക്കി എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുകയാണ്.
ജൂലൈ മുതൽ സെപ്തംബർ വരെ കരിമ്പിൻ്റെ വിളവെടുപ്പ് അല്ലാത്തതിനാൽ ശേഖരിച്ചു വച്ചിരിക്കുന്ന കരിമ്പ് ആണ് എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത്. പഞ്ചസാരയുടെ വില കൂടാൻ കാരണമിതാണ്. കോഴിത്തീറ്റയുടെ വില വർധനയാണ് മുട്ട വില ഉയരാനും കാരണമായത്.
ബേക്കറി വ്യവസായം മത്സരമുള്ള വിപണിയായതിനാൽ വില വർധിക്കുന്നതിന് ആനുപാതികമായി ഉൽപ്പന്നങ്ങളുടെ വിൽപ്പനവില പെട്ടെന്ന് കൂട്ടാൻ കഴിയില്ലെന്നും ഇത് ലാഭത്തെ ബാധിക്കുമെന്നും വ്യാപാരികൾ പറയുന്നു. നിർമ്മാണച്ചെലവ് താങ്ങാനാവാതെ വരുമ്പോൾ ബേക്കറി സാധനങ്ങളുടെ വില കൂട്ടേണ്ടി വരും. എന്നാൽ വില വർധിക്കുമ്പോൾ ഉപഭോക്താക്കൾ വാങ്ങുന്ന അളവ് കുറയ്ക്കുന്നത് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികൾക്ക് ആശങ്കയുണ്ട്.





