കായംകുളം: നാടിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പകരം വെയ്ക്കാനില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കല്ലേലി രാഘവൻ പിള്ളയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കേവലം പുസ്തക വിജ്ഞാനത്തിനപ്പുറം തലമുറകളെ സന്മാർഗ്ഗവഴിയിലൂടെ നയിച്ച യഥാർത്ഥ ഗുരുനാഥനായിരുന്നു അദ്ദേഹം. ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകൾക്കതീതമായി സ്നേഹവും ഗാന്ധിയൻ ആശയങ്ങളും പ്രചരിപ്പിച്ച അദ്ദേഹം ആലപ്പുഴയുടെ നാഡിമിടിപ്പായിരുന്നെന്നും മന്ത്രി എം ലിജു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആലപ്പുഴയുടെ ചരിത്രവും പാരമ്പര്യവും വരുംതലമുറയിലേക്ക് പകർന്നുനൽകാൻ അദ്ദേഹം അക്ഷീണം യത്നിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി, ജവഹർ ബാലഭവൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വഴി നാടിന്റെ സാമൂഹിക, സാംസ്കാരിക വീഥികളെ സമ്പന്നമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ആലപ്പുഴയുടെ ഗുരുനാഥനെന്ന് ഞങ്ങൾ സ്നേഹത്തോടെയും ആദരവോടെയും വിശേഷിപ്പിക്കുന്നത്. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താൻ സാധിച്ചിരുന്നു. നാടിന്റെ വികസനവും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും അദ്ദേഹവുമായി പങ്കുവെച്ച നിമിഷങ്ങൾ മായാത്ത ഓർമ്മയായി മനസ്സിലുണ്ട്.
അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകൾക്ക് വലിയൊരു നഷ്ടമാണ്. വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബാംഗങ്ങളുടെയും ശിഷ്യഗണങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.





